മൗത്ത്

19 2 3
                                    

നല്ലോണം പുതച്ചിട്ടുണ്ട്, നീല കള്ളി മുണ്ട് ,നല്ല തണുപ്പുണ്ട്, അകത്തും പുറത്തും .. നെഞ്ചോളം കേറീട്ടുണ്ട്, മുണ്ട് ! കൂട്ടുമുണ്ടായതോണ്ട് മാത്രം അറ്റം രണ്ടും പിരിഞ്ഞിട്ടില്ല..
ഉറക്കം പിരിയാത്ത വിധം സ്വരത്തിൽ 'അസ്സ്വലാത്തു ഖൈറുമ്മിനന്നൗം' കേൾക്കുന്നുണ്ട് .. അഞ്ചിലൊരു ബാങ്കിൽ മാത്രമുള്ള വരികൾ ..അതോണ്ട്‌ തന്നെ സുബ്‌ഹിയാണെന്ന് ഉറപ്പ്... ഉറക്കിലും ഉത്തമം നിസ്കാരമാണെന്നാണ് അതിനർത്ഥം എന്ന് അറിയാഞ്ഞിട്ടുമല്ല... അനങ്ങാണ്ട് കിടപ്പാണ്.
വന്നവർ ആകെ രണ്ട്‌ പേർ, ഒരാൾ ഇമാമിന്റെ വലത്ത്, മറ്റേ ആൾ ഇടത്തും നിന്നു.. എണീക്കാനാവാതെ എല്ലാം കാണുന്നുണ്ട്‌ ഞാൻ, ഖുനൂത്തിനായ്‌ കൈ ഉയർത്തിയപ്പോൾ ഞാനും ഒന്നുണരാൻ ശ്രമിച്ചു..
പറ്റുന്നില്ല. നല്ല ക്ഷീണം.. ഇനിയും ഉറങ്ങണം..
മൂക്കിനുള്ള്‌ നന്നായ്‌ ചൊറിയുന്നുണ്ട്‌..
ആരൊക്കെയോ കുറ്റം പറച്ചിൽ തുടങ്ങിയിട്ടുണ്ട്‌..
ളുഹറും അസറും കഴിഞ്ഞു.. ആരേം കണ്ടില്ല.. ആകാശം ചോത്തു മഗ്രിബിലെത്തി.. അത്‌ വരേ കാണാത്തത്ര ആൾക്കാർ എത്തിയിട്ടുണ്ട്‌.. എല്ലാറും തിരക്കിലാണ്‌.. ഇഷാഅ് ബാങ്കും വിളിച്ചു.. ആൾക്കാർ വീണ്ടും കുറഞ്ഞു.. ഞാൻ കിടന്ന കിടപ്പിലാണ്‌... പള്ളീലെ മൈക്കിൽ വീണ്ടും ചൊട്ടുന്നുണ്ട്‌..അഞ്ച്‌ ബാങ്കും കഴിഞ്ഞതാണല്ലോ.. ഇനി എന്തിനാ.. ഞാനും നോക്കിയിരുന്നു.. എന്തോ ഒരു അനൗൺസ്മെന്റായിരുന്നു അത്‌.. മഗ്രിബിനെക്കാൾ ആൾക്കാർ .. കൂട്ടം കൂട്ടമായ്‌ വരുന്നുണ്ട്‌.. ആർക്കും വലിയ തിരക്കില്ല, ചിലർ ഒരു മൂലയ്ക്ക്‌ ചാരി നിന്ന് താടിയിൽ കൈ വെച്ചിട്ടുണ്ട്‌.. ഒരാൾ ലോപാനം പുകയ്ക്കുന്നുണ്ട്....
പള്ളി ഫുള്ളായിട്ടുണ്ട്‌..
സ്വഫ്ഫിന്റെ എണ്ണം കൂടിയിട്ടുണ്ട്‌..
ബാങ്കൊന്നും കേട്ടില്ല? പിന്നെന്ത്‌ നിസ്കാരം..? പണ്ടെന്നോ കാതിൽ വിളിച്ച ഒരു ബാങ്കിന്റെ കടം ബാക്കിയുണ്ടത്രേ.. ആൾക്കാരിൽ ഒരാൾ പറഞ്ഞു.. എല്ലാരും കൈ കെട്ടി.. നാലുവട്ടം കെട്ടി... നിന്ന നിൽപ്പിൽ തന്നെ സലാമും വീട്ടി.. എല്ലാരും പിരിഞ്ഞു പോയ്‌.. നല്ല വെള്ള മുണ്ട്‌ പുതപ്പിച്ചിട്ടുണ്ട്‌... ഒന്നല്ല.. മൂന്ന്.. ഞാൻ നല്ലോണം തണുത്തിട്ടുണ്ടെന്ന് അറിഞ്ഞത്‌ കൊണ്ടായിരിക്കും..

You've reached the end of published parts.

⏰ Last updated: Nov 22, 2020 ⏰

Add this story to your Library to get notified about new parts!

മൗത്ത്Where stories live. Discover now