ജെനി

10 0 0
                                    

"ഈ സമയവും കടന്നുപോകും"
ഇപ്പോഴാണ് ഈ വാക്കുകൾ എത്രത്തോളം യഥാർത്ഥമാണെന്ന് തിരിച്ചറിയുന്നത്. എല്ലാം താൽക്കാലികമാണ്, അത് സന്തോഷമായാലും സങ്കടമായാലും.
എത്ര സന്തോഷത്തോടെയാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്.
എന്നാൽ സന്തോഷം എന്ന വാക്ക് ഇന്ന് തീർത്തും അന്യമായിരിക്കുന്നു.
അവൾ കയ്യിലുണ്ടായിരുന്ന പുസ്തകം അടച്ചുവെച്ച് ഓർമകളിലേക്ക് ഊളിയിട്ടു.
വാതിൽ തുടരെതുടരെ മുട്ടുന്നത് കേട്ടാണ് അവൾ ഞെട്ടിയുണർന്നത്.
താൻ മയങ്ങിപ്പോയിരിക്കുന്നു എന്ന ചിന്ത അവളെ അത്ഭുതപ്പെടുത്തി. കാരണം ഉറക്കവും തനിക്ക് എന്നോ അന്യമായി മാറിയിരുന്നു.
"ജെനി... വാതിൽ തുറക്ക്. നീ എന്തെടുക്കുവാ അവിടെ? എത്ര നേരമായി വിളിക്കുന്നു!.അവിടെ എല്ലാവരും നിന്നെ അന്വേഷിക്കുവാ... "
അമ്മായിയുടെ ആ വാക്കുകൾ വളരെ അരോചകമായി അവൾക്ക് തോന്നി. "വരാം അമ്മായി"
അവൾ മെല്ലെ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.
തന്നെ കണ്ടതും സദസ്സ് നിശബ്ദതമായതായി അവൾക്ക് തോന്നി. പുച്ഛവും സഹതാപവും തുറിച്ചുനോട്ടങ്ങളും തന്നെ തേടിവരുന്നത് അവൾ അറിഞ്ഞു. ഇതെല്ലാം ഇന്ന് പരിചിതമായിരിക്കുന്നു.
"നിക്കാഹിനുള്ള സമയം ആവാറായി". "പുയ്യാപ്ല ഇറങ്ങുവാണ്" എന്ന ശബ്ദം സദസ്സിനെ വീണ്ടും ശബ്ദമയമാക്കി. പുയ്യാപ്ല ഇറങ്ങുന്നത് കാണാൻ ഓടുന്ന സ്ത്രീകൂട്ടത്തിന്ടെ കൂടെ അവളും നടന്നു. അവിടെ നിക്കാഹിനു ഇറങ്ങാൻ തയ്യാറായി നിൽക്കുന്ന പുയ്യാപ്ലയായ തന്ടെ ഉപ്പയെ അവൾ ഒരു വേള നോക്കിനിന്നുപോയി. എല്ലാവരോടും യാത്ര പറയുമ്പോഴും തന്നെ നോക്കാതിരിക്കാൻ ഉപ്പ ശ്രമിക്കുന്നതായി അവൾക്ക് തോന്നി. അതെ ഉപ്പ തന്നെ മനഃപൂർവം അവഗണിക്കുകയാണ്. തന്ടെ നോട്ടം നേരിടാൻ കഴിയാത്തതു കൊണ്ടാവാം. അല്ലെങ്കിലും നിസ്സഹായനായ ആ നോട്ടം കാണാതിരിക്കുന്നത് തന്നെയാണ് നല്ലത്. ഉപ്പ ഇറങ്ങിയപ്പോൾ അവൾ തന്ടെ മുറിയിലെക്ക് ദൃതിയിൽ നടന്നു.
അവിടെ കൂടിയിരിക്കുന്നവരുടെ ചോദ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം കൂടിയായിരുന്നു അത്.
മുറിയിൽ എത്തി അവൾ ഒരു ദീർഘ നിശ്വാസം എടുത്തു. അവളുടെ കണ്ണുകൾ മേശയിലെ ആ വലിയ ഫോട്ടോയിലേക്ക് നീണ്ടു. കാലുകൾ അതിനടുത്തേക്ക് ചലിക്കുന്നതവൾ അറിഞ്ഞു.
തന്ടെ കുടുംബ ഫോട്ടോ.... എത്ര സന്തോഷം നിറഞ്ഞതായിരുന്നു ഞങ്ങളുടെ ജീവിതം..!
എന്നാണ് എല്ലാം മാറിമറിഞ്ഞത്?തികട്ടിവരുന്ന സങ്കടത്തെ പിടിച്ചുവെയ്ക്കുന്നതിൽ അവൾ പരാജയപ്പെട്ടു. കണ്ണുനീർ കാഴ്ചയെ മറക്കുന്നത് അവൾ അറിഞ്ഞു. അവൾ ആ സന്തോഷകരമായിരുന്ന ഓർമ്മകളിലേക്ക് ഊളിയിട്ടു.

തുടരും

ജെനി Where stories live. Discover now