02

18 2 4
                                    

ഗ്രാമപാതയിലൂടെ കാരേജ് മുമ്പോട്ടേക്ക് കുതിച്ചുപായുമ്പോൾ വില്യമിന്റെ കണ്ണുകൾ ജാലകത്തിനപ്പുറത്തേക്ക് നീണ്ടു. അലക്സിയും റിച്ചാർഡും കാര്യമായെന്തോ പറഞ്ഞ് അടികൂടുകയാണ്. പാതയ്ക്കിരുവശവുമുള്ള മരങ്ങളും കോട്ടേജുകളും പിറകിലേക്ക് പാഞ്ഞുപോവുന്നത് നോക്കിയിരിക്കെ തന്നെ, വില്യം തന്റെ സ്യൂട്ട്പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് വലിപ്പമേറിയ ഒരു കറുത്ത തൂവാല പുറത്തെടുത്തിരുന്നു. മുഖം മറച്ചുകൊണ്ട് കർച്ചീഫ് പിറകിൽ മുറുകെ കെട്ടിയതും തങ്ങളുടെ വഴക്കിനിടയിലും അലക്സിയും റിക്കും സംശയത്തോടെ അവനെ നോക്കി.

" എന്താ ഉദ്ദേശം.. മനസ്സിലായില്ല.."

വീണ്ടും തന്റെ പോക്കറ്റിൽ കൈയ്യിട്ട് മറ്റൊരു കർച്ചീഫ് വലിച്ചെടുത്ത് റിച്ചാർഡിന്റെ കൈയ്യിൽ കൊടുക്കുന്നവനെ നോക്കി അലക്സി പുരികമുയർത്തി.

" ദുരുദ്ദേശ്യം മാത്രം.. റിക്ക് മുഖം മറയ്ക്ക്.."

വില്യം പറഞ്ഞതനുസരിച്ച് റിച്ചാർഡും കർച്ചീഫുപയോഗിച്ച് മുഖം മറച്ചതും അലക്സി വില്യമിനുനേരെ കൈനീട്ടിയിരുന്നു.

" നിനക്ക് വേണമെന്നില്ല..."

അവന്റെ നീട്ടിപിടിച്ച കൈ കണ്ട് വില്യം പറയുമ്പോൾ അലക്സി അവനെ നോക്കി നെറ്റിചുളിച്ചു.

" അതെന്താ..?!"

" റോബർട്ടോയുടെ വീടിനകത്തേക്ക് നമ്മൾ കയറാൻ പോകുന്നത് നിന്നെ മുമ്പിൽനിർത്തിയാണ്.."

അലക്സി തലചെരിച്ച് വില്യമിനെ മൊത്തത്തിലൊന്ന് നോക്കി.

" മനസ്സിലായില്ല.."

" റോബർട്ടോ പിടിച്ചെടുത്ത അറ്റ്ലാന്റിസ് കപ്പലിന്റെ ഉടമസ്ഥനായ അലക്സാണ്ടർ ഹാർഡ്ലിയും അയാളുടെ ബോഡിഗാർഡ്സുമായിട്ട്.."

" ഏ.. ഞാനറിയാതെ നീയാ കപ്പലെപ്പോഴാ എന്റെ പേരിലാക്കിയത്..?!"

അലക്സി വില്യമിനെ നോക്കി വാപൊളിച്ചതും വില്യം അവനെ നോക്കിയൊന്ന് കണ്ണുരുട്ടുകയാണ് ചെയ്തത്.

THE SECRETSWhere stories live. Discover now