ലവനും കുശനും Ramayanam - Novel

759 9 3
                                    

യാഗാശ്വം പോയ രാജ്യങ്ങളിലെ രാജാക്കന്മാരെല്ലാം ശ്രീരാമനു കീഴടങ്ങി. ഒരാള്‍ പോലും പോയവഴിയിലെങ്ങും അശ്വത്തെ പിടിച്ചു കെട്ടുകയോ ശ്രീരാമചന്ദ്രനു വെല്ലുവിളി ഉയര്‍ത്തുകയോ ചെയ്തില്ല.

അങ്ങനെ മടങ്ങിവരുന്ന അശ്വത്തെ വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിനോദത്തിലേര്‍പ്പെട്ടിരുന്ന ലവകുശന്മാര്‍ കണ്ടു. അശ്വത്തിന്റെ ലക്ഷണവും ഭംഗിയും കണ്ടപ്പോള്‍ അവര്‍ക്കതിനെ സ്വന്തമാക്കണമെന്നു തോന്നി. അടുത്തു ചെന്നപ്പോഴോ? അശ്വത്തിന്റെ കഴുത്തില്‍ ഒരറിയിപ്പ്. എന്താണതില്‍ എഴുതിയിരിക്കുന്നത്? ലവനും കുശനും കൗതുകത്തോടെ വായിച്ചുനോക്കി. ശ്രീരാമചന്ദ്രന്റെ യാഗാശ്വമാണ്. പിടിച്ചുകെട്ടുന്നവര്‍ ശ്രീരാമചന്ദ്രനെ യുദ്ധത്തില്‍ നേരിടേണ്ടിവരും. അതാണ് എഴുതി തൂക്കിയിട്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ അശ്വത്തെ പിടിച്ചുകെട്ടിയിട്ടു കാര്യം എന്നായി ലവന്‍. ശ്രീരാമചന്ദ്രന്‍ ത്രൈലോക്യവീരനാണെന്നല്ലേ പറയുന്നത്. വരട്ടെ, വന്നു യുദ്ധം ചെയ്തു നമ്മെ തോല്പിക്കട്ടെ. അപ്പോള്‍ സമ്മതിക്കാം, അശ്വത്തെയും വിട്ടുകൊടുക്കാം. പോരാത്തതിന് വാല്മീകി മഹര്‍ഷി പഠിപ്പിച്ച അസ്ത്രവിദ്യയൊന്നും പ്രയോഗിക്കാനും അവസരം കിട്ടിയിട്ടില്ല.

ലവനും കുശനും കുതിരയെ പിടിച്ചുകെട്ടി, എന്തു നല്ല കുതിര! എന്തൊരു ഭംഗിയാണതിന്റെ കുഞ്ചിരോമത്തിന്! എത്ര അഴകുള്ള വാല്‍!

ആരു വന്നാലും ശരി, കുതിരയെ കൊടുക്കുകയില്ല എന്നു കുട്ടികള്‍ നിശ്ചയിച്ചു. അവര്‍ ജാഗ്രതയോടെ അസ്ത്രങ്ങള്‍ തൊടുത്തു കുതിരയുടെ ഇരുവശവുമായി നിലയുറപ്പിച്ചു.

യാഗാശ്വത്തെ കാണാതായ വിവരം ശ്രീരാമസൈന്യ ത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു. ആരോ ശ്രീരാമചന്ദ്രനെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ടിരിക്കുന്നു! അസംഭവ്യം! എന്ന് കേട്ടവരൊക്കെ പറഞ്ഞു. വിവരമില്ലാത്ത ആരുടെയോ പണിയാണെന്നേ ശ്രീരാമസേന കരുതിയുള്ളൂ. കുറച്ചെങ്കിലും അറിവുള്ള ആരെങ്കിലും ശ്രീരാമനെ എതിരിടാന്‍ ധൈര്യപ്പെടുമോ?

അശ്വത്തിന്റെ കുളമ്പടികള്‍ പതിഞ്ഞതിനെ പിന്തുടര്‍ന്ന് അവര്‍ ചെന്നെത്തിയത് ഒരു മരച്ചുവട്ടിലാണ്. അവിടെ സുഖമായി മുതിര തിന്നുകൊണ്ട്, യാഗാശ്വം നില്ക്കുന്നു. അതിനെ ഒരു മരത്തില്‍ കെട്ടിയിട്ടിട്ടുണ്ട്. ഇരുവശവും കാവല്‍ നില്ക്കുന്നു, രണ്ട് ഓമനത്തമുള്ള കൗമാരപ്രായക്കാര്‍!

ലവനും കുശനും Ramayanam - NovelWhere stories live. Discover now