ഭാഗം 1

294 21 3
                                    

ദീപാരാധന കഴിഞ്ഞ് അമ്പലത്തിൽ നിന്നിറങ്ങുമ്പോൾ രാധയുടെ മനസ്സ് നിറയെ രമേശനായിരുന്നു. ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റേയും ഗന്ധം തളംകെട്ടി നിന്ന അമ്പലമതിൽക്കെട്ടിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ സൂര്യൻ ആഴിയോട് ലയിച്ചിരുന്നു. ഒരിളം തെന്നൽ അവളെ തഴുകിക്കടന്നു പോയി. ഇരുൾ മൂടിക്കെട്ടികിടക്കുന്ന മാനത്തേക്ക് നോക്കിയവളോർത്തു... ഇന്നും മഴ തന്നെ. അവൾ നടപ്പിന്റെ വേഗത കൂട്ടി. വീടിന്റെ മുൻപിൽ എത്തിയപ്പോൾ ഒരു മഴത്തുള്ളി അവളുടെ നെറുകയിൽ വന്നു പതിച്ചു. പിന്നീടൊന്നിനു പിറകെ ഒന്നായി മഴത്തുള്ളികൾ ചിന്നിച്ചിതറാൻ തുടങ്ങി.ഓടി കോലായിൽ കയറുമ്പോൾ മുത്തച്ഛൻ ചാരുകസേരയിൽ ഇരുന്ന് നാമം ജപിക്കുകയായിരുന്നു. കയ്യിലുള്ള പ്രസാദത്തിൽ നിന്ന് മോതിരവിരൽ കൊണ്ട് മുത്തച്ഛന്റെ നെറ്റിയിൽ ചന്ദനം ചാർത്തിയവൾ അകത്തേക്ക് നടന്നു. സാരിത്തല കൊണ്ട് നെറുകയിൽ അമർത്തി തുവർത്തിക്കൊണ്ടമ്മ പറഞ്ഞു..."കൊടയെടുക്കാൻ പറഞ്ഞാൽ എടുക്കില്ല ,ഇനിയപ്പൊ വല്ല ദീനവും വരാൻ ഇതു മതി". രാസ്നാദിപ്പൊടി നെറുകയിൽ തിരുമ്മുമ്പോൾ അവൾ ഒരു ചെറിയ കുട്ടിയെപ്പോലെ അമ്മയുടെ മുഖത്തേക്ക് നോക്കി എന്നിട്ടാ നെഞ്ചിലേക്ക് ചാഞ്ഞു.
അച്ഛന്റെ മരണശേഷം തന്നെയും ചേച്ചിയേയും ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് അമ്മ വളർത്തിയത്. പഠിക്കാൻ മിടുക്കിയായ തന്നെ അമ്മ തന്നെയാണ് കോളേജിൽ അയച്ചത്.വീടിനോട് ചേർന്ന ചായ്പിൽ അമ്മ തന്നെ നടത്തുന്ന ഒരു ചെറിയ തയ്യൽക്കട മാത്രമാണാ വീട്ടിലെ ഏക വരുമാനം. പ്രസാദം പൂജാമുറിയിൽ വെച്ച് കിടപ്പുമുറിയിലേക്ക് കയറിയപ്പോൾ അവിടെ പൗഡറിന്റെ ഗന്ധം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. അവൾ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.മഴ തോർന്നിട്ടില്ല. നനഞ്ഞ സാരി മാറാനായി അലമാര തുറന്നപ്പോൾ അരികിൽ അടുക്കി വെച്ചിരുന്ന പുസ്തകങ്ങൾ താഴേക്ക് വീണു. ഓരോന്നായി എടുത്തു വെയ്ക്കുമ്പോൾ അവളുടെ കണ്ണുകൾ ബഷീറിന്റെ ബാല്യകാലസഖിയിൽ ഉടക്കി.ഒരു നിമിഷം അവൾ സുഹറയെക്കുറിച്ചോർത്തുപോയി .സ്നേഹിച്ച പുരുഷനെ ലഭിക്കാത്ത സുഹറയെ കുറിച്ച്.പുസ്തകങ്ങൾ അടുക്കി വെച്ച് സാരി മാറി കട്ടിലിലേക്ക് ചായുമ്പോൾ അവളുടെ ചിന്തകളെ ആരോ പിന്നോട്ടു വലിച്ചു ...
(തുടരും)

പ്രണയലേഖനംWhere stories live. Discover now