രണ്ട് : മുത്തശ്ശിമാവ്

23 3 2
                                    


"ശ്ശോ... ഈ കുട്ടി ഇതെവിടെ പോയി കെടക്ക്ണു.. മീനാക്ഷി.. എടി മീനൂ..."
രാധ വീടു മുഴുവൻ തിരഞ്ഞ് നടന്ന് മടുത്തു.

"കുട്ടി ആ മാവിൻ ചോട്ടിൽ ഇണ്ടാവും ന്റെ രാധേ.. അങ്ങ്ടാ ചെന്ന് നോക്ക്.."
ഉച്ചയുറക്കം തടസ്സപ്പെട്ട ദേഷ്യത്തിൽ അമ്മമ്മ അലറി.

"കുളിക്കാൻ വെള്ളം ചൂടാക്കാൻ വയ്ക്കണ കണ്ടിട്ട് ഇവളിതെങ്ങടാ പോയത്.. എല്ലാത്തിനും ഓടി നടക്കാൻ ഞാൻ ഒരാളല്ലേ ഉള്ളൂ... ഇന്നെന്റെ കയ്യീന്ന് വാങ്ങും ഈ പെണ്ണ്." പലതും പിറുപിറുത്തു കൊണ്ട് രാധ തൊടിയിലേക്കിറങ്ങി.

മദ്ധ്യാഹ്ന സൂര്യന്റെ കൊടും ചൂട് ഒന്നാറിയപ്പോഴാണ് മീനൂട്ടി തൊടിയിലേക്കിറങ്ങിയത്. ശക്തിയറ്റ സൂര്യകിരണങ്ങൾ വൃക്ഷങ്ങളുടെ ഇലകളിൽ തട്ടിച്ചിതറി താഴേക്ക് പതിക്കുന്നു. ആ കഷണങ്ങൾ ഓരോന്നിനെയും ഭൂമി മെല്ലെ ആലിംഗനം ചെയ്തു.. ആരോടോ യാത്ര പറഞ്ഞിറങ്ങിയ ഒരു മന്ദമാരുതൻ ഇലകളെ തൊട്ടും തഴുകിയും കടന്നു പോയി.. ആ നിമിഷത്തിന്റെ ആലസ്യത്തിന് ഒരു വല്ലാത്ത വശ്യത ഉണ്ട്. ആ ക്ഷണം നിരാകരിക്കാൻ അവൾക്കായില്ല.

വെള്ളം ചൂടാകുന്നതിനു മുമ്പേ മടങ്ങിയെത്തണം.അവൾ തൊടിയിലൂടെ, നേരെ, മാവിൻ ചുവട്ടിലേക്കൊരൊറ്റ ഓട്ടം.. അവളുടെ ശരീരത്തോട് ഒട്ടിച്ചേർന്നിരുന്ന പെറ്റിക്കോട്ട് കാറ്റിൽ പാറിപ്പറന്നു, മുടിയിഴകൾ വായുവിൽ നൃത്തം വെച്ചു.

തൊടിയുടെ ഏറ്റവും അറ്റത്താണ് പടർന്നു പന്തലിച്ചു നിൽക്കുന്ന മുത്തശ്ശിമാവ്. ശാഖകൾ വിരിച്ച് തലയുയർത്തി നിൽക്കുന്ന മാവിന് അമ്മമ്മയോളം പ്രായമുണ്ടാകുമെന്നു കരുതി അവളാണ് മുത്തശ്ശിമാവ് എന്ന് പേരിട്ടത്.അമ്മമ്മയുടെ ചുക്കിച്ചുളിഞ്ഞ നെറ്റി കണക്കെ നിറയെ പാടുകളായിരുന്നു ആ മരത്തിന്.

അവൾ ചെന്ന പാടെ മാവിനു ചുറ്റും ഒന്നു പരതി. കുറച്ചു മാങ്ങകളെ ഞെക്കിയും മണത്തുമെല്ലാം നോക്കിയ ശേഷം ഒരു മാങ്ങയുമെടുത്ത് ഊഞ്ഞാലിനടുത്തേക്ക് നടന്നു. നീണ്ടു നിൽക്കുന്ന ഒരു വലിയ ചില്ലയിൽ അച്ഛനാണ് ഊഞ്ഞാൽ കെട്ടിത്തന്നത്. മീനൂട്ടി ഊഞ്ഞാലിലിരുന്ന് ആടാൻ തുടങ്ങി. മാവിൻചില്ലകൾക്കിടയിലൂടെ അവളുടെ അടുത്തെത്താൻ പാടുപെടുന്ന സൂര്യനെ നോക്കി കൊഞ്ഞനം കുത്തി. കാലുകൾ ആട്ടി കൊലുസിന്റെ കിലുക്കം ആസ്വദിച്ചു. കുഞ്ഞിപ്പൂച്ച അവളെ കണ്ട് ഓടി വരുന്നുണ്ട്. അമ്മയറിയാതെ അവൾ ചോറും പാലുമൊക്കെ കൊടുക്കുന്നതു കൊണ്ട് അതിന് അവളെ വലിയ ഇഷ്ടമാണ്. കുഞ്ഞി മാവിൻചോട്ടിൽ വന്ന് മെല്ലെ ഞരങ്ങി.

You've reached the end of published parts.

⏰ Last updated: Aug 19, 2021 ⏰

Add this story to your Library to get notified about new parts!

ബാല്യംWhere stories live. Discover now