ശംസ്

25 2 0
                                    

ശംസ്‌ ഉമ്മ വെക്കാറുള്ളത്‌ പതിവിലും കുറവാണ്‌. മുറ്റത്തെ മണ്ണ്‌ മണത്തിട്ട്‌ നാളിത്തിരിയേറെയായ്‌. പുതിയ പത്രങ്ങളൊന്നും വാങ്ങാറില്ല, കഴിഞ്ഞ മാസത്തേത്‌ തന്നെ വായിച്ച്‌ തീർന്നിട്ടില്ല.
ചിലന്തി വലയുടെ നൂലിന്‌ എന്തെന്നില്ലാത്ത ഉറപ്പ്‌.. ഉറപ്പായും ഇന്ന് അപ്പൂപ്പൻതാടി ലോകം ചുറ്റിയൊടുവിൽ ഇവിടെയെത്തും.. എത്തുമ്പോഴേക്കും രോമങ്ങളൊക്കെ ഓരോ നാട്ടിലെ കാറ്റും വീതിച്ചെടുത്തിട്ടുണ്ടാവും..
പാൽപാടയും ഇത്തിരി ചായപ്പൊടിയും പറ്റിപ്പിടിച്ച മൂന്നാമത്തെ കുപ്പിഗ്ലാസ്സും കാപ്പിപ്പൂക്കളുടെ മണം വെച്ച്‌ തുടങ്ങിയ വിരിപ്പും എടുത്ത്‌ താഴേക്കിറങ്ങി. ഏണിപ്പടികളിൽ ഒന്നിടവിട്ട്‌ മാത്രം ചവിട്ടണം.
വൈകുന്നേരത്തെ സൂര്യൻ കാത്തിരിക്കുന്നത്‌ പോലെ തോന്നി, മുഖത്തടിച്ച്‌ , നെഞ്ചത്തടിച്ച്‌.. എല്ലാം കുറച്ചധികം ചൂടോടെ, പരിഭവമില്ലാത്ത, ദേഷ്യമില്ലാത്ത നല്ല തണു തണുത്ത ചൂട്‌. എന്നെ കെട്ടിപ്പിടിച്ചതും ഞാനാകെ മാറി, വിയർത്ത്‌ തുടങ്ങി.. ഒരുപാട്‌ നേരം ഞങ്ങളങ്ങനേ...വിയർപ്പിന്‌ വിരിപ്പിട്ട്‌ മൂടി.. ആ നനവിൽ പറ്റിപ്പിടിച്ച്‌..ഒട്ടിപ്പിടിച്ച്‌.. കെട്ടിപ്പിടിച്ച്‌ ..കുറേ നേരം..
മഞ്ഞ്‌ പെയ്യുന്ന രാത്രികൾ, വിരളുകൾ വിരളുകളോടും, കൈകൾ കൈകളോടും, കാലുകൾ കാലുകളോടും മാത്രം ഉരസി തണുപ്പണയ്ച്ച കൊറേ കൊറേ രാത്രികൾ.. അത്‌ കൊണ്ടാണ്‌ ശംസ്‌ ഏറെ പ്രിയപ്പെട്ടവനായത്‌. കരള്‌ പൊള്ളുന്ന, കവിള്‌ തുടുക്കുന്ന, നഫ്സ്‌ നനയുന്ന, റൂഹ്‌ ശ്വസിക്കുന്ന ചുടു ചുംബനമായത്‌.

ശംസ്‌ - സൂര്യൻ
നഫ്സ്‌ - ശരീരം
റൂഹ്‌ - ആത്മാവ്‌

ശംസ് Opowieści tętniące życiem. Odkryj je teraz