ബസ്റ്റാൻറും റെയിൽവേ സ്റ്റേഷനും.

292 34 5
                                    

പ്രൈവറ്റ് ബസ്റ്റാൻറും റെയിൽവേ സ്റ്റേഷനും തമ്മിലുള്ള വ്യത്യാസം എന്താണ്?... ഈ കാപ്ഷനും ഈ ചോദ്യവും കേട്ട് നിങ്ങൾക്ക് എന്തെങ്കിലും മനസ്സിലായോ? ആദ്യം എനിക്കും ഒന്നും മനസ്സിലായില്ല !
അതും ചോദിച്ച സാഹചര്യം ചോദിക്കുന്ന വ്യക്തി... അത് ചോദ്യത്തിനനുയോജ്യവുമായിരുന്നില്ല.
ഞാൻ നിന്ന് പരുങ്ങി ആ ഹോസ്പിറ്റലിൽ പോസ്റ്റിംങ്ങ് ആദ്യ ദിവസമാണ്.. നിൽക്കുന്നത് HRD യിൽ മുന്നിൽ AD.... അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ! ഒരു കൊട്ടയ്ക്ക് റൂൾസ് ആൻഡ് റെഗുലേഷൻസും ഒരു കൊട്ടയ്ക്ക് ഉപദേശവും പ്രതീക്ഷിച്ചാണ് ഞാൻ ചെന്നത്. നാല് വർഷത്തിനുള്ളിൽ പലഹോസ്പിറ്റലിൽ പല ടൈപ്പിലുള്ള ADമാരെ കണ്ടിട്ടുണ്ട്. ഇതരത്തിൽ ഒരു ചോദ്യം ആദ്യമാണ്. "എന്താ അറിയില്ലേ?" അടുത്ത ചോദ്യം. ശ്ശൊ ഇത് വല്യ കഷ്ടമാണല്ലോ?... ഇനി ഞാൻ കേട്ടതിന്റ കുഴപ്പമാണോ?
" sir... Question..." ഞാൻ പരുങ്ങലിലാണ്. അയാൾ എന്നെ നോക്കിപ്പേടിപ്പിച്ചു "One more plz sir.." ഞാൻ റിക്വസ്റ്റ് ചെയ്തു. അയാൾ വീണ്ടും ചോദ്യം ആവർത്തിച്ചു. അല്ല കവി എന്താണുദ്ദേശിച്ചതെന്ന മട്ടിൽ ഞാൻ കണ്ണ് മിഴിച്ച് ഭയഭക്തി ബഹുമാനത്തോടെ വിനയത്തോടെ അയാളെ നോക്കി നിന്നു.
" പറയൂ..... " വീണ്ടും അയാളുടെ ശബ്ദം! " സർ അത്.... പ്രൈവറ്റ് സ്റ്റാന്റാവുമ്പോ കുറേ ആൾക്കാരും തിരക്കും ബഹളവും ഒക്കെ കാണും റെയിൽവേ സ്റ്റേഷൻ ആണെങ്കിൽ... ട്രെയിനിന്റ സമയത്തേ തിരക്കു കാണൂ..." വ്യത്യാസം പലതുണ്ടെങ്കിലും അങ്ങനെയാണ് വായിൽ വന്നത്.
" ഞാൻ അതല്ല ഉദ്ദേശിച്ചത്! ഈ ഹോസ്പിറ്റലിൽ നിങ്ങൾ വന്ന ഉദ്ദേശമെന്താണ്?..." അടുത്ത ചോദ്യം
പടച്ചോനെ കൊഴഞ്ഞ്! വേറെ നിവർത്തിയില്ലാഞ്ഞിട്ട് വന്നതാണ് മറ്റുള്ള സ്ഥലങ്ങളിൽ വേക്കൻസി ഇല്ലായിരുന്നു. അങ്ങനെ പറയാനൊക്കുമോ? " സർ... അത്.... പിന്നെ... രോഗികളെ അടുത്ത് കാണാനും പുസ്തകങ്ങളിൽ പഠിച്ച രോഗ ലക്ഷണങളും ചികിത്സയും അടുത്ത് നിന്ന് കണ്ടുപഠിക്കാനും പരീക്ഷിക്കാനും .... അല്ല പരിശീലിക്കുവാനുമാണ് ഞാൻ..." ഞാൻ വേഗത്തിൽ പറഞ്ഞു. സർ ന് വല്ലതും മനസ്സിലായോ എന്തോ?
" ഞാൻ ചോദിച്ചത് ഇവിടെയുള്ള അതായത് ഇത് ഒരു മെഡിക്കൽ കോളേജ് ആണ് ! ഞങ്ങൾ ഇവിടെ MBBS ഉൾപെടെ പല കോഴ്സുകളും നടത്തുന്നുണ്ട്.... ഇവിടെത്തെ കുട്ടികളും നിങ്ങളും തമ്മിൽ ഉള്ള വ്യത്യാസമാണ്! " അയാൾ വിശദീകരിച്ചു. ഞാൻ നിൽക്കുന്നത് ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജിലാണ്. കാശ് വാരിയെറിഞ്ഞ് പഠിക്കുന്നവരുടെ കോളേജ്. കൃസ്ത്യൻ മിഷണറിമാർ അച്ചടക്കത്തോടെയും അന്തസ്സോടെയും നടത്തുന്ന കോളേജ്:
ഞാനോ?.... സ്വന്തമായി ഒരു ഫാക്കൾട്ടി പോലും ഇല്ലാത്ത ഒരു സാധാരണ യൂണിവേഴ്സിറ്റി കോളേജ് ! കുഹാസും എംജി യും തമ്മിലുള്ള വടംവലിയിൽ നിലനിൽപു പോലും കഷ്ടത്തിലായവർ. സമൂഹത്തിലെ ഇടത്തരക്കാരും പാവപ്പെട്ടവരും പഠിക്കുന്ന കോളേജ് ! കോളേജിന് പോലും വേണ്ടാത്ത കുറേ പിളേളരും വ്യത്യാസം ഉള്ളവരും ഇല്ലാത്തവരും എന്നതാണ്! ഞാൻ അവിടെ പ്രതിമ പോലെ അങ്ങ് നിന്നു.
" ഇത് ഒരു ഹോസ്പിറൽ കാംപസ് ആണ്. റെയിൽവേ സ്റ്റേഷൻ പോലെ.
വളരെ അച്ചടക്കത്തിൽ നടത്തിക്കൊണ്ട് പോകുന്ന ഒരു സ്ഥാപനം! ഇവിടെ വരുന്നവർ രോഗികളാണ്.... ഞങ്ങൾ അവരെ ആദരിക്കുന്നു ശുശ്രൂശിക്കുന്നു... നിങ്ങളുടെ കോളേജിലെന്നു പറയുമ്പോൾ പ്രൈവറ്റ് സ്റ്റാന്റ് പോലെയാണ്... ബഹളവും ഇടിയും സ്ട്രൈക്ക് വിളിയും!... അതൊന്നും ഇവിടെ നടക്കില്ല! സ്വന്തമായിട്ട് ഫാക്കൽട്ടി പോലുമില്ലാത്ത ഇത്തരം സ്ഥാപനങളൊക്കെ കെട്ടി പൂട്ടേണ്ട സമയം കഴിഞ്ഞു. " അയാൾ ഞങ്ങളുടെ കോളേജിനെ അങ്ങ് പുശ്ചിച്ചു... ഞാൻ തലകുനിച്ച് അവിടെ നിന്നു.... വേറെ നിവർത്തിയില്ല! മൂന്ന് മാസം ഇവിടെ പിടിച്ച് നിന്നേ പറ്റൂ. ഫീസ് അടച്ചു പോയി റീഫണ്ട് തരില്ല.
" പൊയ്ക്കോളൂ... " അയാൾ പറഞ്ഞു.
എനിക്കെന്തോ ഒരു മനസ്താപം.... എത്ര പൊട്ടക്കോളേജ് ആണെങ്കിലും എന്റ കോളേജിനെയല്ലേ അയാൾ താഴ്ത്തിക്കെട്ടിയത്. "സർ...." അയാൾ മുഖമുയർത്തി നോക്കി. " ഈ പ്രൈവറ്റ് സ്റ്റാന്റും റെയിൽവേ സ്റ്റേഷനും തമ്മിൽ വ്യത്യാസങ്ങൾ ഒരുപാടുണ്ടാവാം പക്ഷേ.... രണ്ടിടത്തും എത്തുന്നത് യാത്രക്കാരാണ് സർ!" AD പ്ലിങ്.... ഞാൻ ഡിപാർട്ട് മെന്റിലേക്ക് നടന്നു.
ഇൻസ്റ്റിറ്റ്യൂഷൻ ഏതുമാകട്ടെ പഠിക്കുന്നത് വിദ്യാർത്ഥികളാണ്! യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന ഞങ്ങൾക്ക് നിങ്ങളുമായി അന്തരം പലതുമുണ്ടാവാം പക്ഷേ പണം നൽകി പഠിക്കാനാകാത്ത പലതും ഞങ്ങൾ പഠിക്കുന്നു. അവകാശങ്ങൾ സംരക്ഷിക്കാൻ! അന്യായങ്ങൾക്കെതിരെ പ്രതികരിക്കാൻ! പരസ്പരം സഹകരിക്കാൻ! സ്വയം പര്യാപ്തരാവാൻ! അധ്വാനിക്കാൻ! സ്നേഹിക്കാൻ! പരസ്പരം ബഹുമാനിക്കാൻ... അങ്ങനെ പണം കൊടുത്തു പഠിക്കാനാവാത്ത പലതും പഠിപ്പിക്കുന്നു ഞങ്ങളുടെ കോളേജ് ! എന്റ മനസ്സ് പറഞ്ഞു. അവിടെ ചെന്നപ്പോഴാണറിഞ്ഞത്... അവിടെ ജോലി ചെയ്യുന്നവരിൽ പകുതി ഞങ്ങളുടെ കോളേജിൽ പഠിച്ചവരാണ്!
A story by Mrs Sumi Aslam pt

My Posting Days...Where stories live. Discover now