PART - 12

21 1 1
                                    

അരങ്ങിൽ കുട്ടികളുടെ മുന്നിലായി ചെന്നിരുന്ന കൃഷ്ണവേണിയെ ഒരു നിമിഷം വേദു പടികൾക്ക് അരികിൽ പിടിച്ച് കെട്ടിയത് പോലെ നിന്ന് ഒന്ന് നോക്കി.. എങ്ങനെ.. എന്ത്... എന്ന് അവൾക്ക് ഒരു നിശ്ചയം ഉണ്ടായിരുന്നില്ല.. എങ്കിലും അറിയാനുള്ള ആകാംക്ഷ.. ആഗ്രഹം... അത് ഏറെയാണ്... മനസ്സിലോർക്കെ മെല്ലെ പടികൾ കയറി മുന്നോട്ട് നടന്ന് അവൾ അവർക്ക് അരികിലായി ഇരിപ്പിടത്തിന്റെ താഴെ ചെന്ന് ഇരുന്നു...

ആരോ തന്റെ അടുത്തായി വന്ന് ഇരുന്നത് അറിഞ്ഞ് തല ചരിച്ച് നോക്കിയ കൃഷ്ണവേണി അവളെ കണ്ടതും ഒന്ന് അമ്പരന്നു...

""" എന്താ?, വേദൂ... """ വലിയ കാര്യത്തിൽ ബാക്കി കുട്ടികൾക്ക് പറഞ്ഞ് കൊടുക്കട്ടെ എന്നൊക്കെ പറഞ്ഞ് അവിടെ ഇരുന്നവൾക്ക് പെട്ടന്ന് തന്റെ അടുത്തേക്ക് വരാൻ ഇതെന്ത് പറ്റി എന്നവർക്ക് മനസ്സിലായില്ല...

""" അത്.. അവർക്ക് കുറച്ച് കൂടി പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞു, ടീച്ചറേച്ചി.. അപ്പൊ കുറച്ച് നേരം ഇവിടെ വന്ന് ഇരിക്കാമെന്ന് കരുതി വന്നതാ... """ പറഞ്ഞത് കള്ളം ആയതിനാൽ ആകാം അവളുടെ നോട്ടം അവരുടെ മുഖത്ത് നിന്ന് മറ്റെവിടേക്കോ ആയി മാറിയത്.. കൃഷ്ണവേണിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു.. എങ്കിലും അവളോട് ഒന്നും ചോദിക്കാതെ ഒന്ന് മൂളിയിട്ട് അവർ കുട്ടികളിലേക്ക് നോട്ടം മാറ്റി...

""" സപ്തതാളങ്ങൾ എത്ര വിധമാണെന്ന് നമ്മൾ കഴിഞ്ഞ ക്ലാസ്സിൽ പഠിച്ചില്ലേ.. അതൊന്ന് കൂടി ഒന്ന് ഓടിച്ച് നോക്കിയേ.. അത് കഴിഞ്ഞ് നമുക്ക് അടുത്തത് തുടങ്ങാം... """ തട്ട് പലക കൈയ്യിലേക്ക് എടുത്ത് കൊണ്ട് കൃഷ്ണവേണി അവരോടായി പറഞ്ഞു.. വേദു അവരെയൊന്ന് നോക്കി.. ഗൗരവത്തോടെയാണ് ഇരിക്കുന്നത്.. അല്ലെങ്കിലും പഠിപ്പിക്കുന്ന നേരമെല്ലാം ടീച്ചറേച്ചി ഇങ്ങനെയാണ്‌.. അതുവരെ ഉള്ള ചിരിയും സംസാരവും ഒക്കെ വിട്ട് ഗൗരവത്തിൽ ആകും.. അതോർക്കെ ചോദിക്കാൻ വന്നത് അങ്ങ് വിഴുങ്ങിയാലോ എന്ന് ഒരു നിമിഷം ചിന്തിച്ചെങ്കിലും തന്നോട് സംസാരിക്കുമ്പോൾ അവർ മുഖത്ത് അങ്ങനെ ഗൗരവം അണിയാറില്ല എന്ന ഓർമ്മയിൽ അവൾ രണ്ടും കല്പിച്ച് ഒന്ന് നിശ്വസിച്ചിട്ട് അവരുടെ കൈയ്യിൽ തോണ്ടി...

🧡🦋 കണ്ണിൽ കനവാഗ നീ 🦋🧡Where stories live. Discover now