ഓർമ്മകളിലൂടെ

66 13 0
                                    

നല്ല മഴയുള്ള ഒരു ഞായറാഴ്ച രാത്രി അച്ഛൻ പറഞ്ഞു ഞാൻ ഒരു കിടിലം സാധനം ഉണ്ടാക്കി തരാം. നിങ്ങൾ രണ്ടാളും കിച്ചനിലേക്കു വരരുത് എന്നു. മഴയുള്ള ഞായറുകളിൽ ഇടക്കൊക്കെ ഇങ്ങനത്തെ പരീക്ഷണ വസ്തു ആകാറുണ്ട് ഞാനും അമ്മയും.. അങ്ങനെ അച്ഛൻ കുറേ നേരം കഴിഞ്ഞു ഇറങ്ങി വന്നു. കപ്പ(മരച്ചീനി) കുഞ്ഞായി അരിഞ്ഞു മഞ്ഞളും ഉപ്പും ഇട്ടു വേവിച്ചതിൽ മത്തി(ചാള) മീനും എങ്ങനെയോ കറി വെച്ചതും കൂടെ ഇട്ടു ഇളക്കി ഒരു പരുവം ആക്കി കപ്പ ബിരിയാണി ആണെന്ന് പറഞ്ഞു കൊണ്ടു വന്നു തന്നു. അച്ഛന്റെ പരീക്ഷണ വസ്തു മിക്കപ്പോഴും ഞാൻ ആണ്. കഴിച്ചു നോക്കടാ നല്ലതാണ് എന്നു പറഞ്ഞു എനിക്ക് തന്നു. ഞാൻ പൊതുവെ ചിക്കനും മീനും വെറുതെ പുഴുങ്ങി തന്നാലും കഴിക്കുന്ന കൂട്ടത്തിലാണ്. പക്ഷെ ഈ സാധനം കണ്ടപ്പോഴേ ഒരു മടുപ്പു. ഒരു ചുവപ്പു മയത്തിൽ മത്തി ഇങ്ങനെ അവിടെയും ഇവിടെയും ഒക്കെ ആയി എഴുന്നേറ്റ് നിൽക്കുന്നു. എന്നിട്ടും ഞാൻ ഒന്ന് കഴിച്ചു നോക്കി... ഹോ.... ഒന്നേ കഴിചൊള്ളു. അപ്പോഴേ ഞാൻ നിർത്തി. അമ്മയും സുല്ലിട്ടു. അപ്പോഴാണ് പാവം എന്റെ സ്നൂപ്പി ഒന്നും അറിയാതെ ചാടി ഓടി വന്നത്. അവന്റെ കഷ്ടകാലത്തിന്!!! സ്നൂപ്പിക്കും(എന്റെ പട്ടി) കൊടുത്തു. അവനും എന്നെ പോലെയാണ്. മീനും ചിക്കനും വഴിയിൽ കൂടെ പോയാൽ മതി കഴിച്ചോളും.... അച്ഛൻ പ്രതീക്ഷയോടെ സ്‌നൂപിയെ നോക്കി. അവൻ ഒന്നു നക്കി നോക്കിയിട്ട് ദയനീയമായി അച്ഛനേയും എന്നേയും നോക്കി. എന്നിട്ടു ഓടി പോയി അമ്മയുടെ അടുത്തു ഇരുന്നു. എന്നിട്ടു ഒന്നും അറിയാത്ത പോലെ കണ്ണു രണ്ടും അടച്ചു അങ്ങു കിടന്നു. ഇതു കണ്ടപ്പോൾ അച്ഛന്റെ ക്ഷമ കെട്ടു.. അച്ഛൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ് നടന്നു പോയി. സ്നൂപ്പിയുടെ അടുത്തു കൂടെയാണ് അച്ഛൻ പോകുന്നേ...അച്ഛൻ പോയി എന്നറിഞ്ഞപ്പോഴേ സ്നൂപ്പി ചാടി ഏറ്റു.. പെട്ടെന്ന് അച്ഛൻ ഒന്ന് തിരിഞ്ഞു സ്നൂപ്പിയേ നോക്കിയിട്ട് പറഞ്ഞു. " ടാ... നീ ഒരു പട്ടി ആണെന്ന് ഇടക്കൊക്കെ ഒന്നു ഓർത്താൽ നന്നായിരിക്കും.. ഹോ.. എന്നാ അഹങ്കാരവാ ഈ സാധനത്തിന്...." ഇതും കൂടെ കേട്ടപ്പോൾ ഞാനും അമ്മയും ചിരി തുടങ്ങി... ഞങ്ങളുടെ ചിരി കണ്ടു കുറെ നേരം മസിലു പിടിച്ചു നിന്നെങ്കിലും അച്ഛനും ചിരിച്ചു. എന്നിട്ടു ഒരു ചോദ്യം... ഇതു ഇനി എന്നാ ചെയ്യും????

ഇപ്പോൾ മഴ പെയ്യുവാണ് ഇവിടെ... ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലാത്ത  നഷ്ടപ്പെട്ട , കുറെ നല്ല നിമിഷങ്ങളും ആയി ഞാനും ഇവിടെ........

കൈക്കുമ്പിളിൽ.......Where stories live. Discover now