11.

59 7 2
                                    

ഞാൻ അത്രമേൽ സ്നേഹിച്ച നിനക്ക്, ഞാൻ എഴുതുന്ന കത്ത്.

പല പ്രാവശ്യം വിചാരിച്ചു, നിൻ്റെ പേര് വിളിക്കാൻ. എന്നെ ഒരു നിമിഷം കൊണ്ട് അടിമുടി തകർത്തിട്ട്, യാതൊന്നും സംഭവിക്കാത്ത മട്ടിൽ നീ തിരിഞ്ഞ് നടന്നപ്പോൾ. പക്ഷേ അതിന് പോലും എനിക്ക് അർഹതയില്ല എന്ന് തോന്നിപ്പോയ നിമിഷമായിരുന്നു അത്. എന്തോ. എന്തൊക്കെയോ ചെയ്യണം എന്നുണ്ടായിരുന്നു.
ഇനിയുള്ള ജന്മം മുഴുവൻ നീ ഓർത്തിരിക്ക തക്ക വിധത്തിൽ ആഞ്ഞ് ഒരടി തരണം എന്ന്. എന്നും, നിൻ്റെ മുന്നിൽ അണിയുന്ന അതേ മൂടുപടം എടുത്തണിഞ്ഞ് നിൻ്റെ കഴുത്തിന് കുത്തിപിടിച്ച് 'എന്താടാ നിനക്ക് ഇപ്പൊ അങ്ങനെ തോന്നാൻ??' എന്ന് തറപ്പിച്ച് ചോദിക്കണം എന്ന്.
അപ്പോഴും ആ മൂടുപടത്തിന് പിന്നിൽ ഉരുകി തീർന്നുകൊണ്ടിരുന്ന എൻ്റെ ഹൃദയത്തെ കോരിയെടുത്ത് നിൻ്റെ മുന്നിലേക്ക് നീട്ടിയിട്ട് ഒരായിരം ചോദ്യങ്ങൾ ചോദിക്കണം എന്നുണ്ടായിരുന്നു എനിക്ക്.

പക്ഷേ, എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ, ഏതോ ഒരു ഇരുണ്ടകോണിൽ ഇരുന്ന് നിന്നെ സ്നേഹിച്ച് തുടങ്ങിയിരുന്ന ആ പെണ്ണ് എന്നെ തടഞ്ഞു.
ഏതോ ഒരു സ്വാർത്ഥതയുടെ പുറത്ത് ഞാൻ നിന്നെ ആശ്ലേഷിച്ചാലോ? അപ്പോൾ, എൻ്റെ കരവലയത്തിൽ അമരുന്ന നിൻ്റെ തോൾ എൻ്റെ കണ്ണീരിൽ കുതിരും. അപ്പോഴെങ്കിലും നീ തിരികെ വന്നേക്കാം എന്ന് ആ നിമിഷം ഞാൻ ചിന്തിച്ച് പോയിരുന്നു.
അതും ഞാൻ ചെയ്തില്ല.

എന്ത് പറഞ്ഞ് തടയും ഞാൻ?
എൻ്റെ ആരാണെന്ന് കരുതി തടയും?

എല്ലാം കൈ വിട്ട് പോവുന്നു എന്ന് തോന്നുമ്പോൾ, ആ ഇരുട്ടിനിടയിൽ മങ്ങിയെങ്കിലും തെളിഞ്ഞിരുന്ന ഒരു മെഴുകുതിരിവെട്ടമായിരുന്നു എനിക്ക് നീ. ഇന്ന് ഒരു അപരിചിതനും.

ഇത്രയൊക്കെ നീ പറഞ്ഞിട്ടും ചെയ്തിട്ടും, എന്നെക്കൊണ്ട് എന്നെ തന്നെ വെറുക്കാൻ പഠിപ്പിച്ചിട്ടും, ഇത് വരെ മനസറിഞ്ഞ് നിന്നെ ഒന്ന് ശപിക്കാൻ പോയിട്ട് ചീത്ത വിളിക്കാൻ കൂടി പറ്റുന്നില്ല എനിക്ക്.
ചിലപ്പോൾ നീ പറഞ്ഞത് ശരിയായിരിക്കാം, ഞാൻ അത്രമേൽ കൊള്ളില്ലായിരിക്കാം എന്ന തോന്നൽ ഇപ്പോ എൻ്റെ ഉള്ളിൽ തങ്ങി നിൽക്കുന്നുണ്ട്.
എനിക്ക് എന്തൊക്കെയോ കുഴപ്പങ്ങളുണ്ട് എന്നൊക്കെ തോന്നുന്നു.

ദൂരേ...Where stories live. Discover now