Chali-70

346 31 8
                                    

വയനാട്ടിലെ പെൺകുട്ടി
-------------------------------
വയനാട് ട്രിപ്പ് കഴിഞ്ഞു വേണു വീടെത്തി. മുറ്റത്തു നിക്കുന്ന അച്ഛന്റെ കാറിന്റെ കണ്ണാടിയിൽ മുഖം നോക്കിയപ്പോൾ തലേന്ന് അടിച്ച വിസ്കിയുടെ ക്ഷീണം മുഖത്ത് അറിയുന്നുണ്ടെങ്കിലും യാത്രാക്ഷീണമാണെന്നു വീട്ടുകാർ കരുതിക്കോളുമെന്ന് വേണു സമാധാനിച്ചു. വീടിന്റെ ഉമ്മറത്ത് എത്തിയതും അകത്തു കാൻഡി ക്രഷ് കളിച്ചുകൊണ്ടിരുന്ന അനിയത്തി വേണുവിനെ കണ്ടു.
“അമ്മാ.. ദാ അവൻ എത്തി” അവൾ അകത്തോട്ട് നോക്കിക്കൊണ്ട് വിളിച്ചു പറഞ്ഞു.
അമ്മയോട് ചായ ഉണ്ടാക്കാൻ പറഞ്ഞതാണ് എന്നു കരുതി വേണു അനിയത്തിയെ മനസ്സുകൊണ്ട് അഭിനന്ദിച്ചു. പക്ഷേ അമ്മ ചായയുമായി പുറത്തുവരുന്നതിനു പകരം അച്ഛനേയും കൂട്ടിയാണ് വന്നത്. ഞാൻ ഹാളിൽ കേറിയതും അച്ഛൻ ബ്ലോക്ക് ഇട്ടു
“നിക്കെടാ അവിടെ”. പതിവില്ലാതെ എൻ.എഫ്.വർഗീസിന്റെ ട്യൂണിൽ അച്ഛൻ അത് പറഞ്ഞപ്പോൾ എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലായ ഞാൻ അവിടെ നിന്നു.
“എവിടെപ്പോയി കൂത്താടിയിട്ട് വരുവാടാ?” അച്ഛൻ ദേഷ്യത്തോടെ ചോദിച്ചു.
വേണുവിന് ആകെ പന്തികേട് തോന്നി, ഇനി ഇന്നലെ വെള്ളമടിച്ച് ഓഫ് ആയ കാര്യം വീട്ടിൽ അറിഞ്ഞു കാണുമോ? ഏയ്, വഴിയില്ല. വേണുവിന് കാര്യം പിടികിട്ടിയില്ല.
“ഞങ്ങൾ വയനാട് ടൂർ പോയതാ. ഞാൻ അച്ഛനോട് പറഞ്ഞിട്ടാണല്ലോ പോയത്” വേണു പറഞ്ഞു.
“ആരാടാ ഈ ഞങ്ങൾ?” അമ്മ ഇടക്ക് കേറി കലിപ്പിച്ചുകൊണ്ട് ദീപ്‌തി ഐ.പി.എസ്സിനെപ്പോലെ എന്നെ ചോദ്യം ചെയ്തു.
“ഞാനും ഫെബിനും സജിത്തും” വേണു പറഞ്ഞു.
“വേറെ ആരും ഇല്ലേ?” അച്ഛനും കലിപ്പിച്ചു.
“ഇല്ല, ഞങ്ങൾ മൂന്നുപേരും മാത്രേ ഉള്ളു” കാര്യം മനസ്സിലാവാതെ വേണു ഉള്ള കാര്യം തുറന്നു പറഞ്ഞു.
അച്ഛൻ അനിയത്തിയെ നോക്കി.
“ഇല്ലച്ഛാ, ഞാൻ സത്യമായിട്ടും ഒരു പെണ്ണിന്റെ സൗണ്ട് കേട്ടതാ. അമ്മക്കും കേൾപ്പിച്ചു കൊടുത്തിട്ടുണ്ട്” അവൾ പറഞ്ഞു.
മറുപടിയായി അമ്മയുടെ കണ്ണിൽ നിന്നും കണ്ണീരൊഴുകാൻ തുടങ്ങി. അത് കണ്ടതും അച്ഛൻ ആക്ഷൻ ഹീറോ ആയി.
പഠേ എന്നൊരു അടി വേണുവിന്റെ കവിളത്ത് പതിച്ചു. അടികൊണ്ട വേണു വെടികൊണ്ട പന്നിയെപ്പോലെ അടുത്തുള്ള സോഫയിലേക്ക് മറിഞ്ഞുവീണു. അവന്റെ കണ്ണിൽ നിന്നും പൊന്നീച്ച, മൈന, കിളി, മാടത്തത്ത ഒക്കെ പറന്നുപോയി. കാര്യം മനസ്സിലാവാതെ വേണു അലമുറയിട്ടുകൊണ്ട് ചോദിച്ചു
“എന്ത് കാര്യത്തിനാണ് എന്നെ അടിച്ചത്?”
“നിന്നെ വിളിച്ചപ്പോൾ നിന്റെ കൂട്ടുകാരനാണ് ഫോണെടുത്തത് എന്നും കാറിനുള്ളിൽ ഒരു പെണ്ണ് സംസാരിക്കുന്ന സൗണ്ട് കേട്ടു എന്നും നിന്റെ പെങ്ങള് പറഞ്ഞല്ലോ” അച്ഛൻ റഫ് ആൻഡ് ടഫ് ആയി.
“പെണ്ണോ? യേത് പെണ്ണ്?” വേണു നോ-ബോളിൽ ഔട്ട് വിളിച്ചപ്പോൾ ബാറ്റ്സ്മാൻ കാണിച്ച എക്സ്പ്രഷൻ കാണിച്ചു.
“അതാ ഞങ്ങളും ചോദിച്ചത്, ഏതാടാ ആ പെണ്ണ്?” അച്ഛൻ അടുത്ത ആക്ഷനു വേണ്ടി കൈ ഉയർത്തി റെഡി ആയി.
“പണ്ട് കള്ളുകുടി മാത്രേ ഉണ്ടായിരുന്നുള്ളൂ, ഇപ്പൊ..” ഇതും പറഞ്ഞു അമ്മ കരയാൻ തുടങ്ങി.
ഏത് പെണ്ണ്? വേണുവിന് ഒരു പിടിയും കിട്ടിയില്ല. ഫെബിനാണ് കാറിന്റെ പുറകിൽ ഇരുന്നത്. അവന്റെ കയ്യിൽ കുറെ എണ്ണം ഉള്ളതുകൊണ്ട് ഈ കാര്യത്തിൽ ഒന്നും പറയാൻ പറ്റൂല. പക്ഷേ കഴിഞ്ഞ ദിവസം ഫുൾ വിസ്‌കി അടിച്ചു ബോധം പോയി ഓഫ് ആയ കാരണം ഒന്നും ഓർമയില്ല. അന്ന് അവരേതോ പെണ്ണിനെ വിളിച്ച് കാറിൽ കയറ്റിക്കാനും. കറക്റ്റ് സമയത്ത് അനിയത്തി വിളിച്ചു, എനിക്ക് ബോധമില്ലാത്ത കാരണം ഫെബിൻ ഫോണെടുത്തുകാണും. അതാവും ഉണ്ടായിട്ടുണ്ടാവുക. എടാ വൃത്തികെട്ടവന്മാരെ എന്നാലും ഒരു വാക്കു പറഞ്ഞിരുന്നെങ്കിൽ.. വേണു അവരെ മനസ്സുകൊണ്ട് ശപിച്ചു.
“സത്യമായിട്ടും അറിയില്ല” വേണു കൂട്ടുകാരുടെ ചതിയിൽ വികാരനിർഭരനായി പറഞ്ഞു.
“അവനെ പറഞ്ഞിട്ട് കാര്യമില്ല. നിന്റെയല്ലേ മോൻ” അച്ഛൻ പതിവുപോലെ അമ്മയെ പഴിചാരി.
അല്ലെങ്കിലും അച്ഛൻ ഇങ്ങനെയാണ്, രണ്ട് വിഷയങ്ങൾക്ക് തോറ്റു എന്ന് പറഞ്ഞാൽ പറയും “നിന്റെ മോനിൽ നിന്നും ഇതിക്കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല” എന്ന്. എല്ലാ വിഷയങ്ങളും പാസ് ആയാൽ പറയും “എന്റെ മോനല്ലേ, ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല” എന്ന്.
അമ്മയെപ്പറ്റി ഇപ്പോൾ പറഞ്ഞത് അമ്മക്ക് തീരെ പിടിച്ചില്ല, അമ്മ കലിപ്പ് മോഡ് ഓൺ ആക്കിക്കൊണ്ടു പറഞ്ഞു
“ഇതിനെ ഞാൻ എന്റെ വീട്ടിനു കെട്ടിപ്പൊതിഞ്ഞു സ്ത്രീധനം ആയി കൊണ്ടുവന്നതൊന്നും അല്ലാലോ. പിന്നെ നിങ്ങള് വലിയ ഡയലോഗ് ഒന്നും അടിക്കണ്ട, പണ്ട് നിങ്ങള്ടെ അമ്മയുടെ വീടിന്റെ അടുത്തുള്ള ശോഭക്ക് ലെറ്റർ കൊടുത്ത കഥയൊന്നും എനിക്ക് അറിയില്ല എന്നാണോ വിചാരം? മക്കള് നിക്കുമ്പോ എന്നെക്കൊണ്ട് വെറുതേ പറയിപ്പിക്കരുത്. നിങ്ങളുടെ മോനല്ലേ, ഇതല്ല ഇതിനപ്പുറം ചെയ്യും. അതെങ്ങനാ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലാലോ” അമ്മ അച്ഛനെ വലിച്ചുകീറി പോസ്റ്റർ ആക്കി ചുമരിൽ ഒട്ടിച്ചു.
ഇതൊക്കെ കേട്ട് സോഫയിൽ കിടക്കുകയായിരുന്ന വേണു തന്നത്താൻ പറഞ്ഞു “മോനേ അച്ഛാ, അച്ഛനാള് കൊള്ളാലോ.. ഇതിപ്പോ എന്നെ വീട്ടീന്ന് പുറത്താക്കുമോ അതോ ഇവര് ഡൈവോഴ്‌സ് ആവുമോ?”
അനിയത്തി ആണെങ്കിൽ ഒന്നുമറിയാത്ത പോലെ കാൻഡി ക്രഷിന്റെ ആ ലെവൽ എങ്ങനെ തീർക്കും എന്നും ആലോചിച്ച് നിൽപ്പാണ്.
അച്ഛനും അമ്മയും കുറച്ചൊന്ന് അടങ്ങി. കാറിനുള്ളിൽ ആ പെണ്ണ് എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ലെങ്കിലും എന്തോ ആവശ്യമില്ലാത്ത കാര്യമാവും പറഞ്ഞത് എന്ന് വേണു ഊഹിച്ചു. അതാരാണെന്ന് കണ്ടുപിടിക്കാനായി വേണു അനിയത്തിയോട് ചോദിച്ചു
“ടീ.. ആ പെണ്ണ് എന്താണ് പറഞ്ഞത്?”
അമ്മയോ അച്ഛനോ എന്തെങ്കിലും പറയുമെന്ന് തോന്നിയെങ്കിലും ആരും ഒന്നും പറഞ്ഞില്ല. അമ്മ കലിതുള്ളി നിൽക്കുകയായിരുന്നു എങ്കിലും അച്ഛൻ പണ്ട് ശോഭക്ക് കൊടുത്ത പ്രേമലേഖനത്തെ കുറിച്ച് ഓർത്ത് നൊസ്റ്റാൾജിയ മൂത്ത് വണ്ടർ അടിച്ച് നിൽക്കുകയാണെന്ന് തോന്നി.
“എന്തൊക്കെയോ പറഞ്ഞു, അതിൽ ഒന്ന് മാത്രമേ എനിക്ക് മനസ്സിലായുള്ളു” അവൾ പറഞ്ഞു
“എന്താണത്?” വേണുവിന് ആകാംക്ഷ മൂത്തു.
അവൾ പറഞ്ഞു “ഇൻ ത്രീ ഹൺഡ്രഡ് മീറ്റർ ടേൺ ലെഫ്റ്റ് ടു റീച്ച് യുവർ ഡെസ്റ്റിനേഷൻ”
കയ്യിലുള്ള ആൻഡ്രോയ്ഡ് ഫോണിൽ കാൻഡി ക്രഷും പോക്കിമോനും അല്ലാതെ ഗൂഗിൾ മാപ്പ് എന്നൊരു സാധനം ഉണ്ടെന്നും അതിൽ ഒരു പെൺകുട്ടിയുടെ ശബ്ദത്തിൽ വഴി പറഞ്ഞുതരും എന്നുപോലും അറിയാത്ത അവളുടെ ബുദ്ധിയിൽ പുകഞ്ഞത് വേണുവിന്റെ കവിളാണ്. സോഫയുടെ അരികിൽ കണ്ട ഒഴിഞ്ഞ വെള്ളക്കുപ്പി അവളുടെ നേർക്കെറിഞ്ഞുകൊണ്ട് അവൻ നിലവിളിച്ചു
“എടി, അത് ഗൂഗിൾ മാപ്പ് ആണ്”
കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും മാപ്പ് എന്ന വാക്കു മാത്രം കേട്ട അമ്മ പറഞ്ഞു
“ദാ.. അവൻ കുറ്റം സമ്മതിച്ച് മാപ്പും പറഞ്ഞു”

✍🏻 -

 ചളീസ്Where stories live. Discover now