യാദൃശ്ചികം

48 6 2
                                    

യാദൃശ്ചികം

ഇന്നലെ നിന്റെ പേരുള്ള അപരനെ വിളിക്കാൻ ശ്രമിക്കവേ ആണ് നിന്റെ നമ്പറിൽ വിരലമർന്നത്.തെറ്റു മനസ്സിലായപ്പോഴേക്കും മറുതലയ്ക്കൽ മണി മുഴങ്ങിയിരുന്നു. ഞാനായിരുന്നു എന്ന് നീ അറിഞ്ഞിരുന്നുവോ ......

"സുഖമാണോ?" ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

" അതെ "

" എന്തേ വിളിച്ചത്?"

" യാദൃശ്ചികം''

പിന്നിടുണ്ടായ മൗനം അതിൽ രണ്ടാത്മാക്കൾ വറുതീയിൽ എരിയുന്നതിന്റെ രോധനം നിറഞ്ഞിരുന്നു.

അന്ന് രാത്രി മയക്കം നിറച്ച പളുങ്കു ഗുളികകൾ വിഴുങ്ങിയിട്ടും നിദ്രാദേവി കനിഞ്ഞില്ല. പുറത്തെ ഇടവപാതി നടമാടിയത് എന്റെ നെഞ്ചിലായിരുന്നു. നനഞ്ഞത് നിന്റെ ഓർമകളിലായിരുന്നു.

കാലമിത്ര കഴിഞ്ഞിട്ടും ആ പത്ത് അക്കങ്ങൾ എന്തേ മായിച്ച് കളഞ്ഞില്ല.....

ഒരിക്കലും കണ്ടുമുട്ടേണ്ടവരായിരുന്നില്ല നമ്മൾ

യാദൃശ്ചികമായി കണ്ടു... സുഹൃത്തുക്കളായി.... ഞാൻ നിന്റെ എണ്ണ കറുപ്പുള്ള നീണ്ട മുടിയിഴകളെയും പേനയുടെ അറ്റത്ത് കോർത്തു വെച്ച അക്ഷരങ്ങളെയും ആദ്യം ആരാധിച്ചു.... പിന്നെ പ്രണയിച്ചു.നീ എന്റെ ശബ്ദത്തെയും...

ഒരുമിച്ചു ജീവിക്കുവാൻ പ്രതീക്ഷകളെക്കാൾ ഏറെ പ്രതിബന്ധധങ്ങളാണ് എന്നറിഞ്ഞിട്ടും സൗഹൃദം പ്രണയമായി വളർന്നു.

പിന്നീടൊരിക്കൽ എരിയുന്ന സൂര്യനു കീഴിൽ നമ്മൾ പുറന്തിരിഞ്ഞു നടന്നു... തിരിഞ്ഞ് നോക്കാതെ.

എല്ലാ പിറന്നാളിനും എത്താറുള്ള ദേവിയുടെ മുൻപിൽ അന്ന് പതിവ് തെറ്റിച്ച് ചെന്നു ....

നിനക്കു നല്ലത് മാത്രം വരാൻ പ്രാർഥിച്ചു. എല്ലാമറന്നു എന്ന് പറഞ്ഞ മനസിനെ കണ്ണുനീർ തുള്ളികൾ ഒറ്റികൊടുത്തു....

പിന്നീട് ഒരുപാട് യാദൃശ്ചികങ്ങൾക്ക് പാത്രമായി നമ്മൾ കണ്ടു

സൂപ്പർ മാർക്കറ്റിൽ, സ്കൂളിൽ, തീയേറ്ററിൽ ,നിന്റെ വിരൽതുമ്പിൽ തൂങ്ങുന്ന കുട്ടികളുമായി നടവഴിയിൽ .എത് ആൾക്കൂട്ടത്തിലും എന്റെ കണ്ണുകൾ നിന്നെ തിരിച്ചറിഞ്ഞു. ചിലപ്പോൾ നീ എന്നെയും കണ്ടു... മറ്റു ചിലപ്പോൾ പരസ്പരം നോക്കി പുഞ്ചിരിച്ചു .

ഋതുകൾ പലതും വന്നു പോയി .

എരിയുന്ന വേനലും

തോരാത്ത കർക്കിടവും

സുരഭിലമായ വസന്തവുമെല്ലാം

പിന്നീട് ഒരു തണുത്ത ധനുമാസ പുലരിയിൽ ശരീരത്തിൽ നിന്ന് പ്രാണന്റെ അവസാന കണികയും അടർന്ന് മാറുമ്പോൾ ,കൺപോളകൾക്ക് പിന്നിൽ തെളിഞ്ഞത് നിന്റെ മുഖമായിരുന്നു. അവസാനമായി കേട്ടത് നിന്റെ പേരിട്ടു ഞാൻ വളർത്തിയ കുഞ്ഞിന്റെ ശബ്ദമായിരുന്നു എന്നതും ഒരു യാദൃശ്ചികതയാകാം ......

എഴുത്തുകുത്തുകൾDove le storie prendono vita. Scoprilo ora