ഈ ഭൂമി അവരുടേതുമാണ്

23 3 1
                                    


കറുത്തവനും വെളുത്തവനും
ഇന്ത്യനും പാകിസ്താനിയും
വിശ്വാസിയും അവിശ്വാസിയും
ആയി ലോകം മുറിക്കപ്പെട്ടപ്പോൾ
ഒറ്റപ്പെട്ടവർ - മനുഷ്യർ
ഈ ഭൂമി അവരുടേതുമാണ്.

വയസ്സും വസ്ത്രവും
അംഗവൈകല്യങ്ങളും
പിച്ചിചീന്താൻ തടസ്സമാകാതെ
'വീരപുരുഷന്മാർ' തലയുയർത്തി നടക്കുമ്പൊഴും
'ഇര' എന്ന രണ്ടക്ഷരത്തിൽ തളയ്ക്കപ്പെട്ടവൾ
ഈ ഭൂമി അവരുടേതുമാണ്.

വയറിന്റെ പശിയടക്കാൻ
കാമത്തിന് പാത്രമായി
ആത്മാഭിമാനത്തിന്റെ മടിക്കുത്തഴിച്ചവൾ
' വേശ്യ ' എന്ന ചാപ്പ കുത്തി ഭ്രഷ്ട് കല്പിച്ചവൾ
വ്യഭിചരിച്ചത് അവൾ ഒറ്റക്കായിരുന്നുവോ?
ഈ ഭൂമി അവരുടേതുമാണ്.

ആണെന്നും പെണ്ണെന്നും
മാത്രം തരം തിരിക്കവേ
പ്രകൃതിയുടെ വികൃതിപോൽ
ആണിന്റെ ഉടലും പെണ്ണിന്റെ
മനസുമായി ജനിച്ചവർ
ഈ ഭൂമി അവരുടേതുമാണ്.

രോഗവും അംഗവൈകല്യവും
ദാരിദ്രവും നിരാശയും
ശരീരവും മനസ്സും തകർത്തവർ
ജനസംഖ്യയുടെ ഭൂരിപക്ഷത്തോടൊപ്പം
ഓടി എത്താൻ ആകാത്തവർ,
ഈ ഭൂമി അവരുടേതുമാണ്.

വെട്ടിപ്പിടിക്കാനും വെട്ടിമുറിക്കാനും
വെമ്പുന്ന മനുജന്നല്ലാത്തകൊണ്ട്
ജീവനുണ്ടായിട്ടും ജീവിക്കാൻ കഴിയാത്ത
പച്ചയും ചുവപ്പും രക്തം ഞെരമ്പിലോടുന്നവ
നിഷ്ഠുരമായി കശാപ്പ് ചെയ്യപ്പെടുന്നവ
ഈ ഭൂമി അവരുടേതുമാണ്.

സമൂഹമെന്ന നാലുകെട്ടിൻ
ഉമ്മറത്തെ ചാരുകസേരയിൽ
കാരണവർ ഉറക്കം നടിക്കുന്നു .
ബുദ്ധിജീവികൾ  ,നവമാധ്യമങ്ങൾ
വന്നെത്തി നോക്കി മറയുന്നു.
തൊടിയിലെ സാധാരണക്കാരൻ മാത്രം
ഒരിറ്റ് കണ്ണുനീരിൽ പ്രഘോഷിക്കുന്നു ,
ഈ ഭൂമി അവരുടേതുമാണ്. 

എഴുത്തുകുത്തുകൾWhere stories live. Discover now